| കൈനിറയെ ബിരുദങ്ങള്‍, എന്നിട്ടും മലയാളി തൊഴില്‍ തേടി അലയുന്നു? | |
| ബയോടെക്നോളജിയില്‍ ബിരുദാനന്തര ബിരുദമെടുത്ത് അലോപ്പതി മരുന്ന് വിതരണ കമ്പനിയില്‍ കണക്കെഴുതാന്‍ പോകുന്നവര്‍. എന്‍ജിനീയറിംഗ് ബിരുദമെടുത്ത് ലാസ്റ്റ് ഗ്രേഡ് ടെസ്റ്റ് എഴുതാന്‍ പി.എസ്.സി കോച്ചിംഗിന് പോകുന്നവര്‍. എം.ബി.എ ബിരുദമെടുത്ത് ജോലിയില്‍ പ്രവേശിച്ചാല്‍ ഫയല്‍ ചെയ്യാന്‍ പേപ്പര്‍ പഞ്ച് ചെയ്യേണ്ടത് എങ്ങനെയെന്ന് അറിയാന്‍ വിഷമിക്കുന്നവര്‍... ഇത് ഒരു പക്ഷേ കേരളത്തില്‍ മാത്രം കാണുന്ന പ്രതിഭാസമായിരിക്കും. ഒരു കല്ലെടുത്തെറിഞ്ഞാല്‍ അത് വീഴുന്നത് ഏതെങ്കിലും എന്‍ജിനീയറിംഗ് ബിരുദധാരിയുടെ ദേഹത്തായിരിക്കുമെന്ന് രസികനായൊരു ബിസിനസുകാരന് പറഞ്ഞതിനെ വെറും തമാശയായി തള്ളിക്കളയാനാകില്ല. അതാണ് കേരളത്തിലെ അവസ്ഥ. യുവാക്കളുടെ കൈനിറയെ ബിരുദങ്ങള്‍. പക്ഷേ, മനസിനിണങ്ങിയ, വരുമാനം കിട്ടുന്ന തൊഴില്‍ അന്വേഷണമാണ് ഇവരുടെ പ്രധാന ജോലി. കേരളീയ യുവത്വം എന്തേ ഇങ്ങനെ ആകുന്നു? ഇതിനുള്ള കാരണം തേടി പോകുമ്പോള്‍ ആദ്യം പ്രതിക്കൂട്ടിലാകുന്നത് കേരളത്തിന്റെ സ്വന്തം വിദ്യാഭ്യാസ സംവിധാനം തന്നെ. രണ്ടാമതായി മാതാപിതാക്കളുടെ മനോഭാവം. ദിശാബോധമില്ലായ്മ, സാമൂഹിക സാഹചര്യങ്ങള്‍, മലയാളിയുടെ തനതായ സ്വഭാവ സവിശേഷതകള്‍, ഓരോ ജോലിക്കും അതിന്റേതായ മാന്യത കല്പ്പിക്കാത്തത്... അങ്ങനെയങ്ങനെ ആ നിര നീളുന്നു. പക്ഷേ ഇതിനിടയില്‍ അധികമാരും കാണാതെ പോകുന്ന ചില ഘടകങ്ങളുണ്ടണ്ടണ്ട്. അതിലൊന്നാണ് കേരളീയര്‍ക്കിടയില്‍ അധികം വേരോട്ടമില്ലാത്ത സംരംഭകത്വ മനോഭാവം. മറ്റൊന്ന് എവിടെയും എന്നും വേറിട്ട് നില്ക്കുന്ന, ചുറ്റിലുമുള്ള സമൂഹത്തില്‍ അലിഞ്ഞു ചേരാന്‍ വിസമ്മതിക്കുന്ന മനോഭാവവും. കേരളീയ സമൂഹത്തില്‍ ഏറെ തെറ്റിദ്ധരിക്കപ്പെട്ടിരിക്കുന്ന വാക്കുകളിലൊന്നാണ് സംരംഭകന് എന്നത്. സ്വന്തമായി ബിസിനസ് നടത്തുന്നവന് മാത്രമല്ല സംരംഭകന്. സ്വന്തം കഴിവും ദൗര്‍ബല്യവും കണ്ടറിഞ്ഞ് മികവാര്‍ജിക്കാന്‍ വേണ്ടി അനുദിനം ശ്രമിക്കുന്നവനാണ് സംരംഭകന്. ഉദ്യോഗസ്ഥനാകാന്‍ വേണ്ടി മാത്രം മക്കളെ പഠിപ്പിക്കുന്ന മാതാപിതാക്കളും വിദ്യാലയങ്ങളും കുട്ടികളില്‍ നിന്ന് ബോധപൂര്‍വ്വം സംരംഭകത്വം എന്ന ആശയത്തെ അകറ്റി നിര്‍ത്തുമ്പോള്‍ അറിയുന്നില്ല, അവര്‍ ആറ്റുനോറ്റ് വാര്‍ത്തെടുക്കുന്ന കുട്ടി ഈ ലോകത്ത് ഒന്നിനും കൊള്ളാത്തവരായി മാറുമെന്ന്.കൈയിലുള്ള ബിരുദങ്ങളും ആര്‍ജിച്ച അറിവും വെച്ച് നേടുന്ന മികവിലേക്ക് കുതിക്കാനും സംരംഭകത്വ മനോഭാവം വേണം. ഇതും നമ്മുടെ സിലബസില്‍ ഉള്‍പ്പെടുത്തേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. കുട്ടികളില്‍ സംരംഭകത്വം വളര്‍ത്താന്‍ വിവിധ പദ്ധതികളില്‍ പെടുത്തി കേന്ദ്ര സര്‍ക്കാര്‍ സര്‍വകലാശാലകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും കോടിക്കണക്കിന് ഫണ്ട് ചെലവിടുമ്പോള്‍ അതിന്റെ പത്തുശതമാനം പോലും വിനിയോഗിക്കാത്ത ഒരു സംസ്ഥാനമായി മാറിയിരിക്കുന്നു കേരളം. ബിസിനസുകാരനെ ബൂര്‍ഷ്വ കുത്തക മുതലാളിയായും പണമുണ്ടാക്കുന്നതിനെ പാപമായും കാണുന്ന സാമൂഹിക സാഹചര്യത്തിന്റെ ബാക്കി പത്രം കൂടിയാണ് സംരംഭകത്വത്തോടുള്ള മലയാളിയുടെ ഈ അകല്‍ച്ച. അത് പക്ഷേ തകര്‍ക്കുന്നത് ആധുനിക ലോകത്തിലെ കുട്ടികളുടെ ഭാവിയെ കൂടിയാണ്. സ്വയമൊരു സംരംഭകനായി മാറുന്നവനേ ഇന്നത്തെ കാലത്ത് ജീവിത വിജയം നേടാനാകൂ. എവിടെയും വേറിട്ട് നില്ക്കാന് ആഗ്രഹിക്കുന്ന മനോഭാവം കൂടി കേരളീയ യുവത്വത്തിന്റെ സാധ്യതകള്‍ക്ക് കൂച്ചുവിലങ്ങിടുന്നുണ്ടണ്ട്. ഒരു കഥയുണ്ട്. ഇന്ത്യയില്‍ കച്ചവടം നടത്താനെത്തിയ പാഴ്സികളുടെ നേതാവിനോട് ഒരു നാട്ടുരാജാവ് ചോദിച്ചു. പുറം നാട്ടില്‍ നിന്നെത്തിയ നിങ്ങളെ എങ്ങനെ വിശ്വസിച്ച് ഇവിടെ കച്ചവടം നടത്താന്‍ അവസരം നല്‍കും? ഇവിടുത്തെ സംസ്കാരവുമായി നിങ്ങള്‍ എങ്ങനെ യോജിച്ചുപോകും? ഇതിന് നേതാവ് മറുപടിയൊന്നും പറഞ്ഞില്ല. ഒരു ഗ്ലാസ് വെള്ളവും കുറച്ച് ഉപ്പും മാത്രം ചോദിച്ചു. ഗ്ലാസിലെ വെള്ളത്തിലേക്ക് ഉപ്പിട്ട് ഇളക്കിയ ശേഷം നേതാവ് പറഞ്ഞു. ഇങ്ങനെ ഞങ്ങള്‍ ഈ സംസ്കാരവുമായും നാടുമായും ഇണങ്ങി ചേരുമെന്ന്. രാജാവ് സംപ്രീതനായി കച്ചവടം നടത്താന്‍ അവസരം നല്കി. മലയാളിക്ക് ഇല്ലാതെ പോകുന്നതും ഈ ലയന മനോഭാവം തന്നെ. അപരിചിതമായ സാഹചര്യങ്ങളുമായി ലയിച്ചുചേരുകയും അതിലെ അവസരങ്ങള്‍ കണ്ടെത്തുകയും ചെയ്യാതെ മലയാളി യുവത്വം രക്ഷപ്പെടാന്‍ പോകുന്നേയില്ല. കേരളീയ യുവത്വത്തിന്റെ യഥാര്‍ത്ഥ പ്രശ്നമെന്താണ്? മികവുറ്റ മനുഷ്യശേഷിയെ വാര്‍ത്തെടുക്കാന്‍ എന്ത് മാറ്റങ്ങള്‍ക്കാണ് നാം വിധേയരാകേണ്ടത്? സമൂഹത്തിന്റെ വ്യത്യസ്ത തലങ്ങളിലുള്ള മൂന്ന് പേരുടെ അഭിപ്രായങ്ങള്‍ ഇതൊടൊപ്പം.
മലയാളി യുവാക്കള്‍ തൊഴില്‍ തേടി അലയാനുള്ള കാരണത്തെ വിശകലനം ചെയ്യുകയാണ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സ്മോള്‍ എന്റര്‍പ്രൈസസ് ആന്‍ഡ് ഡെവലപ്മെന്റ് ഡയറക്റ്റര്‍ ഡോ. പി.എം മാത്യു കേരളത്തിലെ യുവാക്കള്‍ക്കിടയിലുള്ളത് സ്വയം അടിച്ചേല്‍പ്പിക്കപ്പെട്ട തൊഴിലില്ലായ്മയാണ്. വിദ്യാഭ്യാസം എന്നത് കാശ് കിട്ടുന്നതിനുള്ള ഒരു കാര്യമായി മാറിയിരിക്കുന്നു. പണം എപ്പോഴെങ്കിലും കിട്ടിയാല്‍ പോര. പഠിച്ചിറങ്ങി കാത്തു നില്‍ക്കാതെ അപ്പോള്‍ തന്നെ കിട്ടണം. ഇത് സംരംഭകത്വ മനോഭാവത്തിന് എതിരായിട്ടുള്ള ഒന്നാണ്. ഈയിടെ ഞാന്‍ ചെന്നൈയില്‍ പോയപ്പോള്‍ അവിടെ മലയാളികള്‍ നടത്തുന്ന ഹോട്ടലില്‍ കയറി. ചോറ് ഓര്‍ഡര്‍ ചെയ്തു. നമ്മളോടുള്ള എല്ലാ ഇഷ്ടക്കേടും മുഖത്ത് പടര്‍ത്തിക്കൊണ്ട് സപ്ലൈയറുടെ മറുപടി വന്നു; ചോറിന് കാല് മണിക്കൂര്‍ കാത്തിരിക്കണം. വേണമെങ്കില്‍ ചപ്പാത്തി തരാം. വിശപ്പിന്റെ കാഠിന്യം കൊണ്ട് ചപ്പാത്തിക്ക് ഓര്‍ഡര്‍ കൊടുത്തു. അരമണിക്കൂര്‍ കഴിഞ്ഞിട്ടും ചപ്പാത്തിയെത്തിയില്ല. ക്ഷമ നശിച്ച് പലവട്ടം ഹോട്ടല്‍ മുതലാളിയെ വിളിച്ചു. ഒരുവട്ടം മാത്രം അയാള്‍ അടുത്തേക്ക് വന്നു. പിന്നാലെ ചപ്പാത്തിയെത്തി. തണുത്ത് മരവിച്ചത്. പഴകിയ കറിയും. ബില്ല് കൊടുത്തപ്പോള്‍, മുതലാളി പറഞ്ഞു തിരക്ക് കാരണമാണ് വൈകിയത്. ക്ഷമിക്കണം. ഞാന്‍ പറഞ്ഞു. സഹോദരാ താങ്കളോട് ഞാന്‍ ക്ഷമിച്ചിരിക്കുന്നു. പക്ഷേ ബിസിനസ് ചെയ്യുന്നത് എങ്ങനെയെന്ന് അത് വൃത്തിയായി ചെയ്യുന്നവന്റെ കടയില്‍ പോയി നിന്ന് കണ്ട് പഠിക്കണം. ഇതാണ് മലയാളിയുടെ സ്വഭാവം. സംരംഭകത്വം തൊട്ടു തീണ്ടിയിട്ടില്ല നമുക്ക്. നമ്മുടെ തൊഴിലന്വേഷകരിലും അതില്ല. പെട്ടിക്കട നടത്തുന്നവനും വ്യവസായം നടത്തുന്നവനും മാത്രമല്ല സംരംഭകന്. സ്വന്തം കഴിവും ദൗര്‍ബല്യവും തിരിച്ചറിയുകയും സാധ്യതകള്‍ കണ്ടെത്തി മുന്നേറുകയും ചെയ്യുന്നവരെല്ലാം സംരംഭകനാണ്. പക്ഷേ ഈ സംരംഭകത്വം എന്നത് നൂലില്‍ കെട്ടിയിറക്കാന്‍ പറ്റില്ല. സംരംഭകത്വ സംസ്കാരം നമ്മുടെ മൂല്യബോധത്തില്‍ നിന്നും സമൂഹത്തിന്റെ താഴേ തട്ടില്‍ നിന്നും വരണം. ഇത്തരമൊരു സംസ്കാരമുണ്ടെങ്കില്‍ മാത്രമേ ഒരു ജോലി കണ്ടെത്താനും അതില്‍ മികവാര്‍ജിക്കാനും സ്വയമൊരു `കോര്‍പ്പറേറ്റ്' ആയി മാറാനും നമുക്ക് സാധിക്കൂ. ലോകത്തോട് തന്നെ പ്രതിബദ്ധതയുള്ള, സമൂഹത്തിന് തിരിച്ചെന്തെങ്കിലും നല്‍കണമെന്ന ബോധ്യമുള്ള യുവതലമുറയ്ക്കു മാത്രമേ മികവാര്‍ജിക്കാനാകൂ. യുവാക്കളെ മുന്നോട്ട് നയിക്കുന്ന ഘടകങ്ങളും ഇതായിരിക്കണം. കേരളത്തില്‍ പുതിയ വിഭാഗം ഉയര്‍ന്നുവരുന്നുണ്ട്. ഞാനതിനെ കൂലി എന്റര്‍പ്രണര്‍ എന്ന് വിളിക്കാനാണ് താല്‍പ്പര്യപ്പെടുന്നത്. ഇവര്‍ക്ക് ഒരു ബിസിനസുണ്ടാകും. അതിനുവേണ്ടി കഠിനാധ്വാനം ചെയ്യും. ഉള്ളിന്റെയുള്ളിലുള്ള സംരംഭകത്വ മനോഭാവം കൊണ്ടും കഠിനാധ്വാനം കൊണ്ടും ഇത്തരം ബിസിനസുകള്‍ ഉരുണ്ട് മുന്നോട്ടു പോകും. പക്ഷേ വളരില്ല. ഇത്തരം സ്ഥാപനങ്ങളില്‍ ഓഫീസ് അസിസ്റ്റന്റുമാരായി കുറച്ചു പേരെ വേണ്ടിവരും. ബി ടെക്ക് ബിരുദം നേടിയവന് പോലും ആ പണിക്ക് തയാറാകും. അവര്‍ക്ക് പ്രത്യേകിച്ച് ലക്ഷ്യമൊന്നും ഉണ്ടാവില്ല. കുറച്ചുനാള്‍ ഒരിടത്ത് ജോലി ചെയ്യും. പിന്നെ മറ്റൊരിടത്ത്. അങ്ങനെയങ്ങനെ പോകും. കേരളത്തില്‍ നടക്കുന്നത് ഇതാണ്. മലയാളി യുവത്വം തൊഴില്‍ തേടി അലയുന്നവരായി മാറുന്നതിന്റെ കാരണവും ഇതു തന്നെ.
ബിസിനസിന്റെ ഭാഗമായും അല്ലാതെയും നടത്തിയ ലോക സഞ്ചാരങ്ങള്‍ നല്കിയ ഉള്‍ക്കാഴ്ചയും തികച്ചും പ്രായോഗിക വീക്ഷണത്തില്‍ നിന്ന് ഉരുത്തിരിഞ്ഞ ആശയങ്ങളും സമന്വയിപ്പിച്ച് ഒരു ബിസിനസുകാരന് കേരളത്തിലെ യുവ തലമുറ രക്ഷപ്പെടാന്‍ വേണ്ട ഒരു സമീപന രേഖ മുന്നോട്ടുവെക്കുന്നു. താന്‍ മുഖ്യമന്ത്രിയായാല്‍ നടപ്പിലാക്കുക ഈ സമീപന രേഖയായിരിക്കുമെന്ന് വ്യക്തമാക്കുന്ന കൊച്ചിയിലെ ആസ്റ്റര്‍ എന്റര്‍പ്രൈസസിന്റെ പ്രസിഡന്റായ ജോണി ജോസഫ് വിദ്യാഭ്യാസ വിചക്ഷണനല്ല. പക്ഷേ സ്വന്തം വീക്ഷണത്തിന്റെ അടിസ്ഥാനത്തില്‍ മക്കള്‍ക്ക് വിദ്യാഭ്യാസം നല്കി അവരെ വിജയികളാക്കിയിട്ടുണ്ട് ഈ പിതാവ്. ഈ ആശയങ്ങള്‍ തുറന്ന ചര്‍ച്ചകള്‍ക്കായി വിടുന്നു l സ്കൂള്‍ സിലബസിന്റെ 30 ശതമാനം വെട്ടിച്ചുരുക്കും. 2. വീടുകളിലേക്ക് പുസ്തകം കൊടുത്തുവിടുന്നത് അവസാനിപ്പിക്കും. ട്യൂഷനില്ല. ഹോം വര്‍ക്കും. 3. സ്കൂള്‍ സമയം രാവിലെ ഏഴ് മുതല്‍ ഉച്ചയ്ക്ക് 12 വരെയാക്കും. ഒരു മണി മുതല്‍ മൂന്ന് മണി വരെ ഗെയിംസ്, സ്പോര്‍ട്സ്, സാഹിത്യചര്‍ച്ചകള്‍ എന്നിവക്കായി മാറ്റിവെക്കും. ഒരു മണിക്കൂര്‍ കുട്ടികള്‍ക്കും അധ്യാപകര്‍ക്കും നിര്‍ബന്ധിത ഫിസിക്കല്‍ ട്രെയ്നിംഗ് ഏര്‍പ്പെടുത്തും. 4. ഏഴാം ക്ലാസിലെത്തുന്ന എല്ലാ വിദ്യാര്‍ത്ഥികളും ടൈപ്പ് റൈറ്റിംഗ് ലോവര്‍ പാസായിരിക്കണം. പത്താംതരത്തിലെത്തുമ്പോഴേക്കും ഹയറും ഷോര്‍ട്ട് ഹാന്‍ഡും പാസായിരിക്കണം. (ടൈപ്പ് റെറ്റിംഗ് ടൈപ്പ് റൈറ്ററില്‍ പഠിക്കണമെന്നില്ല. അതിനുള്ള സോഫ്റ്റ്വെയര് ഇപ്പോള്‍ ലഭ്യമാണ്. തന്റെ മൂന്ന് മക്കളെയും സ്കൂള്‍ തലം മുതല്‍ ടൈപ്പ് റൈറ്റിംഗ് പഠിപ്പിച്ച ജോണി അവരുടെ കരിയറില്‍ മികവാര്‍ജിക്കാന്‍ ഇതേറെ സഹായകരമായിട്ടുണ്ടെന്നും സാക്ഷ്യങ്ങള്‍ നിരത്തി പറയുന്നു.) 5. ഒന്നാം ക്ലാസ് മുതല്‍ ഹെല്‍ത്ത് സയന്‍സ് പഠിപ്പിക്കും. 90 ശതമാനം ജീവിതശൈലി അസുഖങ്ങളും മതിയായ ഹെല്‍ത്ത് എഡ്യൂക്കേഷനിലൂടെ ഒഴിവാക്കാനാകും. 6. സന്മാര്ഗ പാഠങ്ങളും ഒരു പൗരന്റെ കടമകളും ടോയ്ലറ്റ് എങ്ങനെ ഉപയോഗിക്കണമെന്നതും പാഠ്യ പദ്ധതിയില്‍ ഉള്‍പ്പെടുത്തും. 7. സ്കൂളുകളില്‍ മികച്ച ടോയ്ലറ്റ് സൗകര്യം ഏര്‍പ്പെടുത്തും. ശരിയായ പോഷണം നല്കുന്ന ഉച്ചക്ഷണം സ്കൂളുകളിലെ അടുക്കളകളില്‍ തന്നെ പാകം ചെയ്ത് കുട്ടികള്‍ക്ക് നല്‍കും. 8. കൃഷിയെ കുറിച്ചുള്ള അവബോധം കുട്ടികള്‍ക്ക് നല്കാന് ഞാറ് നടുന്ന വേളയില്‍ വിദ്യാര്‍ത്ഥികളെയും കുട്ടികളെയും അതില്‍ പങ്കാളികളാക്കും. കര്‍ഷകരുടെ സഹായികളായി കുട്ടികളെയും കൂട്ടും. അത്തരം അവസരത്തില്‍ സ്കൂളുകള്‍ക്ക് അവധി നല്കിയാലും കുഴപ്പമില്ല. 9. പഠനത്തിന്റെ 50 ശതമാനം മാത്രം മതി ക്ലാസ് റൂമില്‍. ബാക്കി 50 ശതമാനം റയ്ല്‍വേ സ്റ്റേഷന്, പോസ്റ്റ് ഓഫീസ്, കപ്പല്‍ശാല, വിമാനത്താവളം തുടങ്ങിയ പൊതു ഇടങ്ങളിലെ സന്ദര്‍ശനങ്ങളിലൂടെയെന്നത് ഉറപ്പാക്കും. 10. പൊളിറ്റിക്സ് പാഠ്യപദ്ധതിയിലുള്‍പ്പെടുത്തും. ഇന്ത്യന്‍ ഭരണഘടനയെ കുറിച്ച് ആഴത്തില്‍ പഠിപ്പിക്കും. 11. എല്ലാ സ്കൂളിലും അഞ്ചാം തരം മുതല്‍ വൊക്കേഷണല്‍ ട്രെയ്നിംഗ് നല്‍കും. 12. അമേരിക്ക, കാനഡ, ബ്രിട്ടന്, ഓസ്ട്രേലിയ, ന്യൂസിലന്റ് എന്നിവിടങ്ങളില്‍ നിന്ന് 5000 ഇംഗ്ലീഷ് അധ്യാപകരെ `ഇറക്കുമതി' ചെയ്യും. ഇവരെ എല്ലാ സ്കൂളുകളിലും നിയമിക്കും. അധ്യാപക രക്ഷാകര്‍തൃ സമിതികളുടെ സഹകരണത്തോടെ ഇവരുടെ വേതന തുക രക്ഷാകര്‍ത്താക്കളില്‍ നിന്ന് പിരിച്ചെടുത്ത് നല്‍കും. 13. 250 എന്‍ജിനീയറിംഗ് കോളെജുകള്‍, 100 മെഡിക്കല്‍ കോളെജുകള്‍, 750 നേഴ്സിംഗ് കോളെജുകള്‍, 750 ഐ.ടി.സികള്‍ തുടങ്ങിയവ സ്ഥാപിക്കും. 25 കോളെജുകള്‍ക്കായി ഒരു സര്‍വകലാശാല സ്ഥാപിക്കും. ഈ സര്‍വകലാശാലകളാകും അതിനു കീഴിലെ കോളെജുകളിലെ അടിസ്ഥാന സൗകര്യങ്ങളും വിദ്യാഭ്യാസ നിലവാരവും ശ്രദ്ധിക്കുക. ഇതിനായി കര്‍ശന നിബന്ധനകളും കൊണ്ടുവരും. ഓരോ കോളെജിനും അതത് മാനേജ്മെന്റുകളുടെ താല്‍പ്പര്യത്തിന് അനുസരിച്ച് ഫീസ് ഈടാക്കാം. അടിസ്ഥാന സൗകര്യങ്ങളും ഏര്‍പ്പെടുത്താം. പക്ഷേ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അഞ്ച് ശതമാനം സീറ്റ് സമൂഹത്തിലെ മിടുക്കരായ പാവപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കായി സംവരണം ചെയ്തിരിക്കണം. ഇതിലൂടെ സര്‍ക്കാരിന് ആയിരക്കണക്കിന് സീറ്റുകള്‍ ലഭിക്കും. സാമൂഹ്യനീതി നടപ്പാക്കുകയും ചെയ്യാം. 14. സ്കൂള്‍ തലം മുതല്‍ സംരംഭകത്വ പരിശീലന പരിപാടികള്‍ സംഘടിപ്പിക്കും. നിലവില്‍ ഒരു വിദ്യാഭ്യാസ സ്ഥാപനവും ഇതിന് വേണ്ടത്ര ഊന്നല്‍ നല്‍കുന്നില്ല. സംരംകത്വ മനോഭാവം വളര്‍ന്നാല്‍ യുവാക്കള്‍ക്ക് ഏത് പുതിയ മേഖലയും സ്വയം കണ്ടെത്താനും അതിലൂടെ സമ്പത്ത് ആര്‍ജ്ജിക്കാനും ഒട്ടനവധി പേര്‍ക്ക് തൊഴിലുകള്‍ ലഭ്യമാക്കാനും സാധിക്കും. പബ്ലിക് സ്പീക്കിംഗ് സ്കില്‍ വളര്‍ത്താന്‍ പ്രത്യേക പരിശീലനവും നല്‍കും. മലയാളി യാചകര്‍ പെരുകുന്നു! വിദ്യാഭ്യാസ സംവിധാനത്തില്‍ തിരുത്തല്‍ അനിവാര്യമെന്ന് കണ്‍സള്‍ട്ടന്റായി പ്രവര്‍ത്തിക്കുന്ന അബ്ദുള്‍ ലത്തീഫ് ഒരിക്കല്‍ കാട്ടില്‍ വന്യജീവികള്‍ ചേര്‍ന്ന് ഒരു സ്കൂള്‍ തുടങ്ങാന്‍ തീരുമാനിച്ചു. എല്ലാവര്ക്കും മികച്ച വിദ്യാഭ്യാസം നല്കി ജീവിത വിജയം നേടുക എന്നതായിരുന്നു ലക്ഷ്യം. വിദ്യാര്‍ത്ഥികളായെത്തിയത് പക്ഷി, മത്സ്യം, അണ്ണാന്, നായ, മുയല്, മന്ദബുദ്ധിയായ ആരല്‍ മത്സ്യം എന്നിവരായിരുന്നു. സമ്പൂര്‍ണ്ണ ശിക്ഷണം നടപ്പാക്കുന്നതിനുവേണ്ടി രൂപീകൃതമായ വിദഗ്ദ്ധ സമിതി പറക്കല്‍, നീന്തല്‍, മരം കയറല്‍, മാളമുണ്ടാക്കല്‍ എന്നിവ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തി. എല്ലാ വിഷയങ്ങളിലും എല്ലാവരും പരിശീലനം നേടണമെന്നത് നിര്‍ബന്ധമായിരുന്നു. പറക്കുന്നതില്‍ മിടുക്ക് കാണിച്ചിരുന്ന പക്ഷിക്ക് ആ വിഷയത്തില്‍ എപ്പോഴും ഉയര്‍ന്ന മാര്‍ക്ക് നേടാന്‍ കഴിഞ്ഞു. എന്നാല്‍ മാള നിര്‍മ്മാണം പരിശീലിക്കുമ്പോള്‍ പക്ഷിയുടെ കൊക്ക് പൊട്ടുകയും തൂവ്വല്‍ കൊഴിയുകയും ചെയ്തു. മരം കയറ്റത്തിലും നീന്തലിലും പരാജയം തന്നെയായിരുന്നു ഫലം. ഇതു മൂലമുണ്ടായ നിരാശ ക്രമേണ പക്ഷിയുടെ പറ ക്കാനുള്ള കഴിവിനെയും ബാധിച്ചു. അണ്ണാനാണെങ്കില്‍ മരം കയറ്റത്തില്‍ മുന്നേറിയപ്പോള്‍ നീന്തലില്‍ തോറ്റുകൊണ്ടേയിരുന്നു. മത്സ്യത്തിന് സ്വാഭാവികമായും നീന്തലിന് ഉന്നത നിലവാരം പുലര്‍ത്താന്‍ സാധിച്ചു. പക്ഷെ വെള്ളത്തില്‍ നിന്ന് പുറത്ത് വരാന്‍ കഴിയാത്തത് കൊണ്ട് മറ്റെല്ലാ വിഷയത്തിനും തോറ്റു. കുരക്കുക എന്ന വിഷയം കൂടി പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് നായ ഫീസടക്കാതെ ക്ലാസുകള്‍ ബഹിഷ്ക്കരിച്ച് കൊണ്ടിരുന്നു. മുയല് മാളങ്ങള്‍ ഉണ്ടാക്കുന്നതില്‍ മികവ് പുലര്‍ത്തിയെങ്കിലും മരം കയറ്റത്തില്‍ പരാജയപ്പെട്ടു. മരം കയറ്റത്തിനിടക്ക് തലക്ക് പരിക്കേറ്റതിനാല്‍ മാളമുണ്ടാക്കലിന് അവന്റെ പ്രകടനം മോശമായി. എല്ലാ വിഷയങ്ങളിലും ശരാശരി പ്രകടനം കാഴ്ച്ചവെച്ച മണ്ടനായ ആരല്‍ മത്സ്യമായിരുന്നു ക്ലാസില്‍ ഒന്നാം റാങ്ക് കാരന്. എല്ലാവര്ക്കും സമ്പൂര്‍ണ്ണ ശിക്ഷണം നല്കാന് കഴിഞ്ഞുവെന്ന് പാഠ്യപദ്ധതി തയ്യാറാക്കിയ സമിതി ഉദ്ഘോഷിക്കുകയും ചെയ്തു. പ്രമുഖ മോട്ടിവേഷണല്‍ സ്പീക്കറും ഗ്രന്ഥകാരനും ബിസിനസ് കണ്‍സള്‍ട്ടന്റുമായ ശിവ് ഖേരയുടെ യു കാന്‍ വിന് എന്ന ഗ്രന്ഥത്തില്‍ പറഞ്ഞിരിക്കുന്ന ഇക്കാര്യം നമ്മുടെ പ്രാഥമിക വിദ്യാഭ്യാസത്തെ കുറിച്ചും മലയാളികളെ സംബന്ധിച്ചും ശരിയല്ലേ? തൊഴിലന്വേഷകരായ യുവതി യുവാക്കളെ സൃഷ്ടിക്കുക മാത്രമാണ് ഇന്നത്തെ വിദ്യാഭ്യാസം ചെയ്യുന്നത്. ബിരുദവും ബിരുദാനന്തരബിരുദവും കഴിഞ്ഞ് പുറത്തിറങ്ങുന്നവന് അവസരം കൊടുക്കാന്‍ ആളില്ലെങ്കില്‍ അവന്റെ ജീവിതം ഒരു യാചകന് സമാനമല്ലേ. ഇന്ത്യ ഇന്ന് സമ്പത്ത് കൊണ്ട് പൂത്തുലുഞ്ഞ് നില്‍ക്കുമ്പോഴും, ലോകമെമ്പാടുമുള്ള പ്രൊഫഷണലുകള്‍ ഇന്ത്യയില്‍ അവസരത്തിന് വേണ്ടി പരിശ്രമിക്കുമ്പോഴും മലയാളി മറുനാട്ടില്‍ രണ്ടാംകിട അടിമ വേലകള്‍ ചെയ്ത് ഉപജീവിതത്തിന് മാര്‍ഗം കണ്ടെത്തുന്നു. വിദ്യാഭ്യാസമെന്ന പേരില്‍ അവന് നല്‍കിയതിന്റെ ഉല്‍പ്പന്നത്തിന്റെ ഗുണമേന്മയാണ് അവന് അനുഭവിക്കുന്നത്. | |
“Smart success way” provide you all information about education, carrier Guidance and smart life. Main categories are follows- Top universities in India and abroad./Top business school in India and aboard./Top colleges in India and abroad./Top engineering colleges in India. /Top medical colleges in India /What to study after 10th standard./Higher studies where and how?
Search This Blog
കൈനിറയെ ബിരുദങ്ങള്‍, എന്നിട്ടും മലയാളി തൊഴില്‍ തേടി അലയുന്നു?
Subscribe to:
Post Comments (Atom)
Popular Posts
-
നോര്‍ക്ക-റൂട്ട്സ് തൊഴില്‍ വൈദഗ്ധ്യ പരിശീലനം 2016-2017. നോര്‍ക്ക-റൂട്ട്സ്, സാങ്കേതിക പരിശീലനത്തോടൊപ്പം കമ്പ്യൂട്ടര്‍ ഓപ്പറേഷനില...
-
കേരളത്തിലെ ഹയർ സെക്കൻഡറി അധ്യാപകരുടെയും വിഎച്ച്എസ്ഇയിലെ നോൺ–വൊക്കേഷനൽ അധ്യാപകരുടെയും നിയമനത്തിനുള്ള യോഗ്യതാ നിർണയപ്പരീക്ഷ (SET: സ്റ്റേറ...
-
ഒരു വ്യക്തിക്ക് സാധാരണ പോലെ വായിക്കാനും മനസിലാക്കാനുമുള്ള കഴിവിന്റെ പോരായ്മക്കുള്ള തലച്ചോറിലേ രാസപരമായുള്ള തകരാറുകൾ മൂലമുണ്ടാകുന്ന അസാധാരണ...
-
ഡിസൈൻ ഉപരിപഠനത്തിന് സീഡ്... രാജ്യത്തെ ഏറ്റവും മികച്ച സ്ഥാപനങ്ങളിൽ ഡിസൈൻ ഉപരിപഠനത്തിനുള്ള ദേശീയ പ്രവേശനപ്പരീക്ഷയാണ് ‘സീഡ്’ (കോമൺ എൻട്രൻസ് എക്...
-
▶ 3:06 https://www.youtube.com/watch?v=SA7YrOMXXQQ Smart success way . YOUR MIND FOR SUCCESS - Best Motivational Video
-
പ്ലസ് ടു രണ്ടാം വർഷമോ ഡിഗ്രി ആദ്യവർഷമോ ആണോ? കൊമേഴ്സിൽ അഭിരുചിയുണ്ടോ? ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോസ്റ്റ അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യയുടെ (ഐസിഎഐ) ‘ക...
-
കൈനിറയെ ബിരുദങ്ങള്‍ , എന്നിട്ടും മലയാളി തൊഴില്‍ തേടി അലയുന്നു ? ബ യോടെക്നോളജിയില്‍ ബിരു...
-
മൃഗസംരക്ഷണ മേഖലയിലെ തൊഴില്‍ സംരംഭകത്വ പരിശീലനത്തെക്കുറിച്ച് അറിയാനാഗ്രഹിക്കുന്നു സുധീഷ് പി. , പാലക്കാട് മൃഗസംരക്ഷണവകുപ്പും ...
-
ഡിജിറ്റല്‍ മാര്ക്കരറ്റിങ്ങ് വിഷ്വല്‍ മര്ച്ചൈടന്റിസിങ്ങ് പാലിയന്റോlളജി ഫ്ലോറികള്‍ച്ചര്‍ ക്രോപ് പ്രോസസിങ്ങ് ടെക്നോളജി ഗ്രീന്‍ ടെക്നോളജി...
No comments:
Post a Comment